ഇമാം ബുഖാരി
, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ, നസാഈ മുതലായ ഹദീസ്‌ പണ്ഡിതര്‍ റിപ്പോര്‍ട്ട്‌ ചെയ്ത സ്വഹീഹായ ഹദീസുകള്‍

Thursday, March 1, 2012

വുളുഅ്‌ 2



  1. സഅ്ദ്ബ്നു അബീ വഖാസ്‌(റ) നിവേദനം: തിരുമേനി(സ) (വുളു എടുക്കുമ്പോള്‍ കാല്‍ കഴുകുന്നതിന്‌ പകരം) രണ്ടു ഷൂവില്‍ തടവി. നിശ്ചയം ഇബ്നുഉമര്‍ (റ) ഇതിനെ സംബന്ധിച്ച്‌ ഉമര്‍ (റ) വിനോട്‌ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. അതെ, നബി(സ) അപ്രകാരം തടവിയിട്ടുണ്ട്‌. സഅ്ദ്‌ നബിയെ സംബന്ധിച്ച്‌ നിന്നോട്‌ എന്തെങ്കിലും നിവേദനം ചെയ്താല്‍ അതിനെക്കുറിച്ച്‌ മറ്റാരോടും നീ ചോദിക്കരുത്‌. (ബുഖാരി. 1. 4. 201)
  2. മുഗീറ(റ) നിവേദനം: നബി(സ) ഒരിക്കല്‍ മലമൂത്ര വിസര്‍ജ്ജനത്തിന്‌ പോയപ്പോള്‍ മുഗീറ: ഒരു പാത്രം വെള്ളവുമായി അദ്ദേഹത്തെ പിന്തുടര്‍ന്നു. തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞുവന്നപ്പോള്‍ അദ്ദേഹം വെള്ളം ഒഴിച്ചുകൊടുക്കുകയും അവിടുന്നു വുളു എടുക്കുകയും രണ്ടു ബൂട്ട്സില്‍ തടവുകയും ചെയ്തു. (ബുഖാരി. 1. 4. 202)
  3. അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: തിരുമേനി(സ) രണ്ടു ഷൂവില്‍ തടവുന്നത്‌ അദ്ദേഹം കണ്ടു. (ബുഖാരി. 1. 4. 203)
  4. ജഅ്ഫ്ര്‍(റ) തന്‍റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്നു. തിരുമേനി(സ) തന്‍റെ തലപ്പാവിന്‍ മേലും ബൂട്സിലും തടവുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 4. 204)
  5. ഉര്‍വത്ത്‌(റ) തന്‍റെ പിതാവ്‌ മുഗീറയില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. ഞാനൊരിക്കല്‍ തിരുമേനി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. തിരുമേനി(സ) വുളു എടുത്തപ്പോള്‍ അവിടുത്തെ ബൂട്സ് അഴിക്കാന്‍ വേണ്ടി ഞാന്‍ കൈ നീട്ടി. അപ്പോള്‍ അവിടുന്നു. അരുളി, അത്‌ രണ്ടും അവിടെ (കാലില്‍ തന്നെ) കിടക്കട്ടെ, ശുദ്ധിയാക്കിയ ശേഷമാണ്‌ ഞാന്‍ അവ കാലില്‍ അണിഞ്ഞിരിക്കുന്നത്‌. ശേഷം തിരുമേനി(സ) അതു രണ്ടിലും തടവി. (ബുഖാരി. 1. 4. 205)
  6. അബ്ദുല്ലാഹിബ്നു അബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ ഒരാടിന്‍റെ കൈപ്പലക തിന്നുകയും ശേഷം നമസ്കരിക്കുകയും ചെയ്തു. അവിടുന്ന്‌ വുളു എടുത്തിരുന്നില്ല. (ബുഖാരി. 1. 4. 206)
  7. അമ്റ്‍ബ്നു ഉമയ്യ:(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ) ഒരാടിന്‍റെ കൈപ്പലക മുറിച്ച്‌ തിന്നുകൊണ്ടിരിക്കെ അപ്പോള്‍ നമസ്കാരത്തിന്‌ ബാങ്ക്‌ വിളിക്കുകയും ഉടനെ അവിടുന്ന്‌ കത്തി താഴെ വെച്ച്‌ വുളു എടുക്കാതെ നമസ്കരിക്കുകയും ചെയ്തത്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌. (ബുഖാരി. 1. 4. 207)
  8. സുവൈദ്ബ്നു നുഅ്മാന്‍ (റ) നിവേദനം: അദ്ദേഹം തിരുമേനി(സ) യോടൊപ്പം ഖൈബര്‍ ജയിച്ചടക്കിയ കൊല്ലം പുറപ്പെട്ടു. സഹ്ബാഇലെത്തിയപ്പോള്‍ - ഖൈബറിനടുത്തുള്ള ഒരു സ്ഥലമാണത്‌ - തിരുമേനി(സ) അസര്‍ നമസ്കരിച്ചു. എന്നിട്ട്‌ ആഹാരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഗോതമ്പ്‌ മാവല്ലാതെ മറ്റു യാതൊന്നും ആരും കൊണ്ടുവന്നില്ല. തിരുമേനി(സ)യുടെ നിര്‍ദ്ദേശമനുസരിച്ച്‌ അതു വെള്ളം പകര്‍ന്നു പൊതിര്‍ത്തു. തിരുമേനി(സ)യും ഞങ്ങളും അതു കഴിച്ചു. പിന്നീട്‌ തിരുമേനി(സ) മഗ്‌രിബ്‌ നമസ്കരിക്കാനൊരുങ്ങി. അപ്പോള്‍ അവിടുന്നു കുലുക്കുഴിഞ്ഞു നമസ്കരിച്ചു. വുളുചെയ്തില്ല. (ബുഖാരി. 1. 4. 208)
  9. മൈമൂന(റ) നിവേദനം: തിരുമേനി(സ) അവരുടെ അടുക്കല്‍ വെച്ച്‌ ഒരാടിന്‍റെ കൈക്കുറക്‌ തിന്നു. ശേഷം അവിടുന്ന്‌ നമസ്കരിച്ചു. വുളു എടുത്തില്ല. (ബുഖാരി. 1. 4. 209)
  10. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ പാല്‍ കുലുക്കുഴിഞ്ഞശേഷം പറഞ്ഞു നിശ്ചയം പാലിന്‌ കൊഴുപ്പുണ്ട്‌. (ബുഖാരി. 1. 4. 210)
  11. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറങ്ങിത്തൂങ്ങിപ്പോയാല്‍ ഉറക്കസമയം പറ്റെ വിട്ടു പോകും വരേക്കും അയാള്‍ ഉറങ്ങട്ടെ. കാരണം ഉറക്കം തൂങ്ങിക്കൊണ്ടു നമസ്കരിക്കുന്ന പക്ഷം അല്ലാഹുവിനോട്‌ പാപമോചനത്തിനു വേണ്ടിയാണോ അതല്ല തനിക്കെതിരായിട്ടാണോ പ്രാര്‍ത്ഥിക്കുന്നതെന്ന്‌ അറിയാന്‍ കഴിയില്ല. (ബുഖാരി. 1. 4. 211)
  12. അനസ്‌(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങളില്‍ ആരെങ്കിലും നമസ്കാരത്തില്‍ ഉറക്കം തൂങ്ങിയാല്‍ താനോതുന്നതെന്തെന്ന്‌ തനിക്ക്‌ ശരിക്കും ബോധം വരും വരേക്കും അവന്‍ പോയി ഉറങ്ങട്ടെ. (ബുഖാരി. 1. 4. 212)
  13. അനസ്‌(റ)നെ ഉദ്ധരിച്ച്‌ അംറുബ്നു ആമില്‍ നിവേദനം ചെയ്യുന്നു. അദ്ദേഹം (അനസ്‌) പറഞ്ഞു തിരുമേനി(സ) ഓരോ നമസ്കാരത്തിനും വുളു എടുത്തിരുന്നു. ഞാന്‍ ചോദിച്ചു. നിങ്ങളെങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു. വുളു മുറിയാതിരിക്കുവോളം ഞങ്ങള്‍ക്ക്‌ ഉളള വുളു കൊണ്ടു തന്നെ നമസ്കരിക്കും. (ബുഖാരി. 1. 4. 213)
  14. ഇബ്നുഅബ്ബാസ്‌(റ) നിവേദനം: തിരുമേനി(സ) ഒരിക്കല്‍ മദീനയിലെ അല്ലെങ്കില്‍ മക്കയിലെ ഒരു തോട്ടത്തിന്‍റെ സമീപത്തുകൂടി നടന്നു പോകുമ്പോള്‍ ഖബറുകളില്‍ വെച്ച്‌ ശിക്ഷയേറ്റു കൊണ്ടിരിക്കുന്ന രണ്ടു മനുഷ്യരുടെ ശബ്ദം കേട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു. അവര്‍ രണ്ടു പേരും ശിക്ഷിക്കപ്പെടുകയാണ്‌. വന്‍കുറ്റത്തിന്‍റെ പേരിലൊന്നുമല്ല. അവരില്‍ ഒരാള്‍ മൂത്രിക്കുമ്പോള്‍ മറ സ്വീകരിച്ചിരുന്നില്ല. മറ്റേയാള്‍ ഏഷണിക്കാരനായിരുന്നു. അനന്തരം അവിടുന്ന്‌ ഒരു ഈത്തപ്പന മടല്‍ കൊണ്ടുുവരാന്‍ പറഞ്ഞു. എന്നിട്ട്‌ അതു രണ്ടു കഷ്ണമാക്കി മുറിച്ച്‌ ഓരോന്നും ഓരോ ഖബറില്‍ നട്ടു. അല്ലാഹുവിന്‍റെ ദൂതരേ! അവിടുന്ന്‌ എന്തിനാണിതു ചെയ്തത്‌ എന്നു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു. ഇവ ഉണങ്ങാതിരിക്കുന്നത്‌ വരെ അവരുടെ ശിക്ഷ ലഘൂകരിക്കപ്പെട്ടേക്കാം. (ബുഖാരി. 1. 4. 215)
  15. അനസ്‌(റ) നിവേദനം: തിരുമേനി(സ) മലമൂത്രവിസര്‍ജ്ജനത്തിന്‌ പോകുമ്പോള്‍ ഞാന്‍ വെള്ളം കൊണ്ടുപോയി കൊടുക്കുകയും അവിടുന്ന്‌ അതുകൊണ്ട്‌ കഴുകി വ്റ്‍ത്തിയാക്കുകയും ചെയ്യും. (ബുഖാരി. 1. 4. 216)
  16. അനസ്‌(റ) നിവേദനം: ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രിക്കുന്നത്‌ തിരുമേനി(സ) കണ്ടു. അപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. നിങ്ങള്‍ അവനെ ഉപദ്രവിക്കാതെ വിടുക. അയാള്‍ മൂത്രമൊഴിച്ചു കഴിഞ്ഞപ്പോള്‍ അവിടുന്നു കുറച്ച്‌ വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അത്‌ മൂത്രത്തില്‍ ഒഴിക്കുകയും ചെയ്തു. (ബുഖാരി. 1. 4. 218)
  17. അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ എഴുന്നേറ്റ്‌ നിന്നു മൂത്രിച്ചു. സഹാബികള്‍ അവനെ വിരട്ടാന്‍ തുനിഞ്ഞു. അപ്പോള്‍ നബി(സ) പറഞ്ഞ. അവനെ വിടുക അവന്‍ മൂത്രിച്ചതില്‍ ഒരു ബക്കറ്റ്‌ വെള്ളം ഒഴിക്കുക. ജനങ്ങള്‍ക്ക്‌ സൌകര്യമുണ്ടാക്കാനാണ്‌ പ്രയാസമണ്ടാക്കാനല്ല നിങ്ങള്‍ നിയോഗിക്കപ്പെടടിട്ടുള്ളത്‌. (ബുഖാരി. 1. 4. 219)
  18. ആയിശ(റ) നിവേദനം: ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ ഒരു കുട്ടിയെ കൊണ്ടുവരപ്പെട്ടു. ആ കുട്ടി തിരുമേനി(സ)യുടെ വസ്ത്രത്തില്‍ മൂത്രിച്ചു. അവിടുന്നു കുറച്ച്‌ വെള്ളം കൊണ്ടുവരുവാന്‍ പറയുകയും എന്നിട്ട്‌ അത്‌ തെറിപ്പിക്കുകയും ചെയ്തു. അതിനെപിന്‍തുടര്‍ത്തി. (ബുഖാരി. 1. 4. 222)
  19. ഉമ്മുഖൈസ്‌(റ) നിവേദനം: അവര്‍ ഒരിക്കല്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടില്ലാത്ത അവരുടെ ചെറിയ പുത്രനെയും കൊണ്ട്‌ നബി(സ)യുടെ അടുക്കല്‍ വന്നു. നബി(സ) അവനെ മടിയില്‍ ഇരുത്തി. കുട്ടി അവിടുത്തെ വസ്ത്രത്തില്‍ മൂത്രിച്ചു. തിരുമേനി(സ) കുറച്ച്‌ വെള്ളം കൊണ്ടു വരാന്‍ ആവശ്യപ്പെടുകയും എന്നിട്ട്‌ അത്‌ വസ്ത്രത്തില്‍ തെറിപ്പിക്കുകയും ചെയ്തു. അതു കഴുകിയില്ല. (ബുഖാരി. 1. 4. 223)
  20. ഹുദൈഫ(റ) നിവേദനം: തിരുമേനി(സ) ഒരു ജനതയുടെ കുപ്പയില്‍ പോടി നിന്നുകൊണ്ടു മൂത്രിച്ചു. എന്നിട്ടു കുറച്ച്‌ വെള്ളം ആവശ്യപ്പെട്ടു. ഞാന്‍ വെള്ളം കൊണ്ടുകൊടുത്തു. അപ്പോള്‍ അവിടുന്നു വുളു എടുത്തു. (ബുഖാരി. 1. 4. 224)
  21. ഹുദൈഫ(റ) നിവേദനം: ഒരിക്കല്‍ നബി(സ)യും ഞാനും ഒരു സമൂഹത്തിന്‍റെ കുപ്പയിലൂടെ നടന്നുപോകുമ്പോള്‍ അവിടുന്ന്‌ ഒരു മതിലിന്‌ പിന്നിലായി നിങ്ങളില്‍ ഒരാള്‍ നില്‍ക്കുന്നതുപോലെ ശരിക്കും നിന്നു കൊണ്ട്‌ മൂത്രിച്ചു. ഞാന്‍ അല്‍പം അകന്നു നിന്നു. അപ്പോള്‍ അടുത്തു ചെല്ലാന്‍ അവിടുന്ന്‌ എന്നോട്‌ ആംഗ്യം കാണിച്ചു. അവിടുന്ന്‌ വിരമിക്കുന്നതുവരെ അവിടുത്തെ മടമ്പില്‍ കാലിന്‍റെ അടുത്തുചെന്ന്‌ ഞാന്‍ നില്‍ക്കുകയും ചെയ്തു. (ബുഖാരി. 1. 4. 225)
  22. അസ്മാഅ്‌(റ) നിവേദനം: അവര്‍ പറയുന്നു. ഒരു സ്ത്രീ ഒരിക്കല്‍ നബി(സ)യുടെ അടുക്കല്‍ വന്ന്‌ ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങിനെ വ്റ്‍ത്തിയാക്കണമെന്നാണ്‌ താങ്കള്‍ പറയുന്നത്‌? അവിടുന്ന്‌ അരുളി: അത്‌ തിരുമ്മി ഉടച്ചു കളയണം. എന്നിട്ട്‌ വെള്ളമൊഴിച്ച്‌ അതിന്‍റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച്‌ നമസ്കരിക്കാം. (ബുഖാരി. 1. 4. 227)
  23. ആയിശ(റ) നിവേദനം: അബീഹുബൈശിന്‍റെ മകള്‍ ഫാത്തിമ ഒരിക്കല്‍ തിരുമേനി(സ)യുടെ അടുക്കല്‍ വന്നിട്ട്‌ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരെ! നിത്യേന രക്തം പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയാണ്‌ ഞാന്‍ . ശുചിത്വം പാലിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. അതുകൊണ്ട്‌ നമസ്കാരം ഉപേക്ഷിക്കണോ? തിരുമേനി(സ) അരുളി: വേണ്ട. അത്‌ ആര്‍ത്തവമല്ല. ഞരമ്പ്‌ സംബന്ധമായ ഒരു രോഗമാണ്‌. അതുകൊണ്ട്‌ ആര്‍ത്തവദിനങ്ങള്‍ വന്നാല്‍ നമസ്കാരം വിട്ടു കളയുക. ആ ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞാല്‍ രക്തം കഴുകി ശുചീകരിച്ചു നമസ്കരിക്കുക. അങ്ങനെ അടുത്ത മാസം വീണ്ടും ആര്‍ത്തവദിനങ്ങള്‍ വരുന്നതുവരെ ഒരോ നമസ്കാരത്തിനും പ്രത്യേകം പ്രത്യേകം വുളു ചെയ്യുക. (ബുഖാരി. 1. 4. 228)
  24. ആയിശ(റ) നിവേദനം: തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന്‌ ഞാന്‍ ശുക്ളം കഴുകിക്കളയുകയും അവിടുന്ന്‌ ആ വസ്ത്രം ധരിച്ചുകൊണ്ട്‌ നമസ്കരിക്കാന്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ആ വെള്ളം നനഞ്ഞ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിക്കുന്നുണ്ടായിരിക്കും. (ബുഖാരി. 1. 4. 229)
  25. ആയിശ(റ) നിവേദനം: വസ്ത്രത്തില്‍ ശുക്ളമായാല്‍ എന്തുചെയ്യണമെന്ന്‌ സുലൈമാന്‍ ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍റെ വസ്ത്രത്തില്‍ നിന്ന്‌ ഞാനതു കഴുകാറുണ്ട്‌ അവിടുന്ന്‌ നമസ്കരിക്കാന്‍ പുറപ്പെടും. വെള്ളത്തിന്‍റെ കഴുകിയ അടയാളം അവിടുത്തെ വസ്ത്രത്തില്‍ അവശേഷിച്ചിട്ടുണ്ടായിരിക്കും. (ബുഖാരി. 1. 4. 230)
  26. ആയിശ(റ) നിവേദനം: അവര്‍ തിരുമേനി(സ)യുടെ വസ്ത്രത്തില്‍ നിന്ന്‌ ശുക്ളം കഴുകാറുണ്ട്‌. ശേഷം അതില്‍ അടയാളം ഞാന്‍ കണ്ടിരുന്നു. (ബുഖാരി. 1. 4. 231)
  27. അനസ്‌(റ) നിവേദനം: പള്ളി നിര്‍മ്മിക്കും മുമ്പ്‌ തിരുമേനി(സ) ആടുകളെ കെട്ടിയിടുന്ന ആലയില്‍ വെച്ച്‌ നമസ്കരിക്കാറുണ്ടായിരുന്നു. (ബുഖാരി. 1. 4. 235)
  28. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഒരു മുസ്ലിമിന്‌ പറ്റുന്ന എല്ലാ മുറിവും ആ മുറിവ്‌ പറ്റിയ അതേ രൂപത്തില്‍ തന്നെയാണ്‌ പുനരുത്ഥാനദിവസം കാണപ്പെടുക. രക്തം ഒലിച്ചു കൊണ്ടേയിരിക്കും, നിറം രക്തത്തിന്‍റെ നിറം തന്നെ. പക്ഷെ മണം കസ്തൂരിയുടെ മണമായിരിക്കും. (ബുഖാരി. 1. 4. 238)
  29. അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നാം അവസാനത്തവരും ആദ്യത്തവരുമാണ്‌. തിരുമേനി(സ) അരുളി: അതിനാല്‍ നിങ്ങളില്‍ ആരും തന്നെ ഒലിക്കാതെ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രിക്കുകയും എന്നിട്ട്‌ അതില്‍ കുളിക്കുകയും ചെയ്യരുത്‌. (ബുഖാരി. 239)
  30. ആയിശ(റ) നിവേദനം: തിരുമേനി(സ) അരുളി: ലഹരിയുണ്ടാക്കുന്ന എല്ലാപാനീയവും നിഷിദ്ധമാണ്‌. (ബുഖാരി. 1. 4. 243)
  31. സഹ്ല്‍ (റ) നിവേദനം: തിരുമേനി(സ)ക്ക്‌ പറ്റിയ മുറിവിന്ന്‌ എങ്ങിനെയാണ്‌ ചികില്‍സിച്ചതെന്ന്‌ ജനങ്ങള്‍ അദ്ദേഹത്തോട്‌ ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുമ്പോള്‍ ചോദിക്കുകയുണ്ടായി. അപ്പോള്‍ അതിനെക്കുറിച്ച്‌ എന്നെക്കാള്‍ കൂടുതല്‍ ജ്ഞാനമുള്ളവരാരും ഇന്നു ജീവിച്ചിരിക്കുന്നില്ല എന്നുണര്‍ത്തിയിട്ട്‌ അദ്ദേഹം പറഞ്ഞു. അലി(റ) തന്‍റെ പരിചയില്‍ വെള്ളമെടുത്ത്‌ കൊണ്ടുവന്നു. ഫാത്തിമ(റ) ആ വെള്ളം കൊണ്ട്‌ തിരുമേനിയുടെ മുഖം കഴുകി ചോര നീക്കം ചെയ്തു. എന്നിട്ട്‌ പായ എടുത്ത്‌ ചുട്ട്‌ കരിച്ച്‌ (അതിന്‍റെ വെണ്ണീര്‍) ആ മുറിവില്‍ നിറക്കുകയും ചെയ്തു. (ബുഖാരി. 1. 4. 244)
  32. അബൂബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു. ഞാനൊരിക്കല്‍ നബി(സ)യുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. അപ്പോള്‍ അവിടുന്നു കയ്യില്‍ ഉള്ള മിസ്‌വാക്ക്‌ വായില്‍ ഇരിക്കവെ അവിടുന്നു ഛര്‍ദ്ദിക്കാന്‍ വരും പോലെ ഊ ഊ എന്നു പയുന്നുണ്ട്‌. (ബുഖാരി. 1. 4. 245)
  33. ഹൂദൈഫ(റ) നിവേദനം: തിരുമേനി(സ) രാത്രി ഉറക്കില്‍ നിന്ന്‌ എഴുന്നേല്‍ക്കുമ്പോള്‍ ബ്രഷ്‌ കൊണ്ട്‌ വായ്‌ ശുദ്ധീകരിക്കാറുണ്ട്‌. (ബുഖാരി. 1. 4. 246)
  34. സഈദിബ്നു സൈദു(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: അല്ലാഹുവിനെ സ്മരിക്കാതെ അതു (വുസു) ചെയ്യുന്ന ആ മനുഷ്യന്‍ വുസു ചെയ്തിട്ടില്ല. (തിര്‍മിദി)
  35. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. അദ്ദേഹം മഖായിദില്‍ വുസുചെയ്യുമ്പോള്‍ ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്‍റെ ദൂതന്‍(സ) വുസു ചെയ്തതു ഞാന്‍ കാണിച്ചുതരട്ടെയോ? പിന്നീടു അദ്ദേഹം (ഓരോ ഭാഗവും) മൂന്നു പ്രാവശ്യം കഴുകിക്കൊണ്ട്‌ വുസു ചെയ്തു. (മുസ്ലിം)
  36. അബുഹുറയ്‌റാ(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോഴും വുസു ചെയ്യുമ്പോഴും വലത്തുഭാഗം മുതല്‍ ആരംഭിക്കുക (അബൂദാവൂദ്‌)
  37. ഇബ്നു അബ്ബാസ്‌(റ) നിവേദനം ചെയ്തു: പ്രവാചകന്‍(സ) തല തടവുകയും, രണ്ടു ചെവിയും അവയുടെ ഉള്‍ഭാഗം രണ്ടു ചൂണ്ടാണിവിരലുകളെക്കൊണ്ടും അവയുടെ പുറഭാഗം തന്‍റെ രണ്ടു പെരുവിരലുകളെക്കൊണ്ടും (തടവുകയും) ചെയ്തു. (നസാഈ)
  38. മുഗീറ:(റ) പറഞ്ഞു: പ്രവാചകന്‍(സ) വുസു ചെയ്കയും, തന്‍റെ കൈകള്‍ കൊണ്ടു സോക്സിന്‍റെയും ഷൂസിന്‍റെയും പുറമെ തടവുകയും ചെയ്തു. (അബൂദാവൂദ്‌)
  39. അബുബക്രഃ(റ) പ്രവാചക(സ) രില്‍ നിന്ന്‌ നിവേദനം ചെയ്തു. : യാത്രചെയ്യുന്ന ഒരാള്‍ക്കു മൂന്നുപകലും രാത്രിയും, യാത്രയിലല്ലാത്ത ഒരാള്‍ക്ക്‌, ഒരു പകലും രാത്രിയും, അവന്‍ ശുദ്ധമായിരുന്നപ്പോള്‍ ഇട്ടതാണെങ്കില്‍ അവന്‍റെ ബൂട്ട്സ്‌ തടവാന്‍ (കാലു കഴുകുന്നതിനുപകരം) അവിടുന്നു അനുവദിച്ചു. (ദാ. ഖു)
  40. അനസ്‌(റ) പറഞ്ഞു: പ്രവാചക(സ) ന്‍റെ അനുയായികള്‍ , രാത്രിപ്രാര്‍ത്ഥനയ്ക്കു (ഇശാ) അവരുടെ തലകള്‍ ഉറക്കംകൊണ്ടു തൂങ്ങുന്നതുവരെ താമസിക്കുക പതിവായിരുന്നു. പിന്നീട്‌ അവര്‍ വുസുചെയ്യാതെ നമസ്കരിക്കുകയും ചെയ്തു. (അബൂദാവൂദ്‌)
  41. ഇബ്നു അബ്ബാസ്‌(റ) പറഞ്ഞു. അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ചാരിയിരുന്നു ഉറങ്ങുന്നവന്‌ വുസു ആവശ്യമാണ്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ ചാരിയിരിക്കുമ്പോള്‍ , അവന്‍റെ സന്ധി ബന്ധനങ്ങള്‍ അയഞ്ഞുപോകുന്നു. (തിര്‍മിദി)
  42. അബുദ്ദര്‍ദാഅ്‌(റ) നിവേദനം ചെയ്തു: അല്ലാഹുവിന്‍റെ ദൂതന്‍(സ) ഛര്‍ദ്ദിച്ചു: പിന്നീട്‌ വുസു ചെയ്തു. (തിര്‍മിദി)
  43. ഉമര്‍ (റ) പറഞ്ഞു, അല്ലാഹുവിന്‍റെ ദൂതന്‍(സ) പറഞ്ഞു: ആരൊരുവന്‍ വുസു ചെയ്കയും അതു ഏറ്റവും ക്റ്‍ത്യമായി ചെയ്യുകയും, പിന്നീട്‌ അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു: അവന്‍ ഏകനാണ്‌: അവനു പങ്കുകാരില്ല. മുഹമ്മദ്‌ അവന്‍റെ ദാസനും അവന്‍റെ ദൂതനും ആകുന്നു. അല്ലാഹുവെ, പശ്ചാത്തപിക്കുന്നവരിലും ശുദ്ധമാക്കുന്നവരിലും നീ എന്നെ ആക്കേണമേ എന്നു പറകയും ചെയ്യുന്നുവോ, അവന്‌ സ്വര്‍ഗ്ഗത്തിന്‍റെ എട്ടു വാതിലും തുറക്കപ്പെട്ടിരിക്കുന്നു. അവന്‍ തനിക്കിഷ്ടമുള്ള വാതിലിലൂടെ അതില്‍ പ്രവേശിക്കുന്നു. (തിര്‍മിദി)
  44. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: എന്‍റെ ഖലീലായ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടു. വുളുവിന്‍റെ വെള്ളം തട്ടുന്നേടത്തെല്ലാം സത്യവിശ്വാസി ആഭരണമണിയിക്കപ്പെടും. (മുസ്ലിം)
  45. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) പറഞ്ഞു: വല്ലവനും നല്ലവണ്ണം വുളു ചെയ്യുന്നപക്ഷം നഖത്തിന്‍റെ താഴ്ഭാഗത്തിലൂടെ അവന്‍റെ ചെറിയ പാപങ്ങള്‍ പുറപ്പെട്ടു പോകുന്നതാണ്‌. (മുസ്ലിം)
  46. ഉസ്മാനി(റ)ല്‍ നിന്ന്‌ നിവേദനം: എന്‍റെ ഈ വുളുപോലെ റസൂല്‍ (സ) വുളു ചെയ്തതായി ഞാന്‍ കണ്ടു. എന്നിട്ട്‌ അവിടുന്ന്‌ പറഞ്ഞു: ഇപ്രകാരം വല്ലവനും വുളു ചെയ്താല്‍ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം അവന്‌ പൊറുക്കപ്പെടും. അവന്‍റെ നമസ്കാരവും പള്ളിയിലേക്കുള്ള നടത്തവും മിച്ചമായിത്തീരും. (മുസ്ലിം)
  47. അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: ഒരിക്കല്‍ റസൂല്‍ (സ) (മദീനയിലെ) ഖബര്‍സ്ഥാനി (ബഖീഹ്‌) ല്‍ ചെന്നിട്ട്‌ പറഞ്ഞു: സത്യവിശ്വാസികളായ ഭവനവാസികളേ! നിങ്ങളില്‍ രക്ഷ വര്‍ഷിക്കുമാറാകട്ടെ. ഇന്‍ശാഅല്ലാ! അടുത്തുതന്നെ ഞങ്ങളും നിങ്ങളോട്‌ ചേരുന്നതാണ്‌. നമ്മുടെ ഇഖ്‌വാനിനെ നമ്മള്‍ കാണാനാഗ്രഹിക്കുന്നു. സഹാബികള്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ അങ്ങയുടെ ഇഖ്‌വാനല്ലയോ? അവിടുന്ന്‌ പറഞ്ഞു: (അല്ല) നിങ്ങളെന്‍റെ അഷാബികളാണ്‌. ഇതേവരെയും ജനിക്കാത്തവരാണ്‌ നമ്മുടെ ഇഖ്‌വാന്‍ . അവര്‍ ചോദിച്ചു. പ്രവാചകരേ! അങ്ങയുടെ പ്രജകളില്‍ നിന്ന്‌ ഇതേവരെയും ജനിക്കാത്തവരെ അങ്ങയ്ക്ക്‌ എങ്ങനെ പരിചയപ്പെടാന്‍ കഴിയും? നബി(സ) പറഞ്ഞു: നീ പറയൂ! നിശ്ചയം കറുത്ത കുതിരകള്‍ക്കിടയില്‍ ഒരാള്‍ക്ക്‌ കൈകാല്‍ വെളുത്ത കുതിരകളുണ്ടാകുന്ന പക്ഷം, തന്‍റെ കുതിരയെ തനിക്ക്‌ തിരിച്ചറിയാന്‍ കഴിയുമോ? അവര്‍ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) പറഞ്ഞു: എന്നാല്‍ വുളുകാരണം കൈകാല്‍ വെളുത്തുകൊണ്ടാണ്‌ അവര്‍ (പിന്‍ഗാമികള്‍) വരിക. (അക്കാരണത്താല്‍ എനിക്കവരെ തിരിച്ചറിയുവാന്‍ കഴിയും) ഹൌസുല്‍കൌസറിന്‍റെ സമീപത്ത്‌ ആതിഥേയനായി ഞാനവരെ കാത്തുനില്‍ക്കും. (മുസ്ലിം).
  48. ഉമറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളാരും വുളു പൂര്‍ണ്ണമായി എടുത്തിട്ട്‌ അല്ലാഹുവല്ലാതെ മറ്റാരാദ്ധ്യനില്ലെന്ന്‌ ഞാന്‍ സാക്‍ഷ്യം വഹിക്കുന്നു. അവന്‍ ഏകനാണ്‌. അവന്നൊരു പങ്കാളിയുമില്ല. മുഹമ്മദ്‌(സ) അന്‍റെ ദാസനും പ്രവാചകനുമാകുന്നു. എന്നവന്‍ പറയുകയില്ല - സ്വര്‍ഗ്ഗത്തിന്‍റെ എട്ടു കവാടങ്ങളും അവന്‌ തുറക്കപ്പെട്ടിട്ടല്ലാതെ. അവയില്‍ നിന്ന്‌ അവനുദ്ദേശിച്ച കവാടത്തിലൂടെ സ്വര്‍ഗ്ഗത്തില്‍ അവന്‌ പ്രവേശിക്കാന്‍ കഴിയും. (മുസ്ലിം) തിര്‍മിദി കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നു: അല്ലാഹുവേ! പശ്ചാത്തപിച്ച്‌ മടങ്ങുന്നവരുടെ കൂട്ടത്തിലും പാപരഹിതരുടെ കൂട്ടത്തിലും എന്നെ നീ അകപ്പെടുത്തേണമേ!.

No comments:

Post a Comment